Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30
Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Thursday, 9 April 2020

ഹാശാ വെള്ളിയാഴ്ച കർമ്മങ്ങൾ


മാർത്തോമ്മാ നസ്രാണികളുടെ ഹാശാ വെള്ളിയാഴ്ച കർമ്മങ്ങൾ: ലഘു വിവരണം

ഈശോമിശിഹായുടെ പീഡാനുഭവം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്മരിക്കുന്ന ദിവസമാണ് ഹാശാ വെള്ളി. ഈ ദിവസത്തെ ആരാധനാ കർമ്മം ഉച്ചകഴിഞ്ഞു നടത്തുന്ന ദീർഘമായ സന്ധ്യാനമസ്ക്കാരവും അതിനോടനുബന്ധിചുള്ളാ സ്ലീവാവണക്കം, കബറടക്കം തുടങ്ങിയ കർമ്മങ്ങളുമാണ്. കർമ്മങ്ങൾ ആരംഭിക്കുന്നതിനു മുൻപ്‌ തന്നെ ബേമായിലെ സ്ലീവായെ കൊത്തീന, ഊറാറാ ഇവ അണിയിക്കുന്നു. (കൊത്തീന
മിശിഹായുടെ വ്യക്തിത്വത്തിന്റെയും ഊറാറാ അവിടുത്തെ ശുശ്രൂഷാ പൗരോഹിത്യത്തിന്റെയും പ്രതീകങ്ങളാണ്) ഈ സ്ലീവായാണ് ഹാശാ വെള്ളിയാഴ്ച്ച്ചയുടെ കർമ്മങ്ങളുടെയെല്ലാം കേന്ദ്രമായി നിലകൊള്ളുന്നത്.

സന്ധ്യാ നമസ്ക്കാരത്തിനിടയ്ക്ക് കാർമ്മികൻ പീഡാനുഭവ വായന നടത്തുന്നു. ആണ്ടുവട്ടത്തിലെ ഏറ്റവും ദീർഖമേറിയ സുവിശേഷ വായനയാണിത്. തുടർന്നുള്ള സുവിശേഷ പ്രസംഗം കഴിയുമ്പോൾ പ്രധാന കാർമ്മികൻ സ്ലീവായിൽ നിന്നും കൊത്തീനയും ഊറാറയും ഊരിമാറ്റി സ്ലീവ വെള്ളത്തുണിയിൽ പൊതിയുന്നു. അനന്തരം സ്ലീവായും സുവിശേഷ ഗ്രന്ഥവും പ്രദക്ഷിണമായി ബലിപീടത്തിലേയ്ക്ക് സംവഹിക്കുന്നു. സുവിശേഷ ഗ്രന്ഥം യഥാസ്ഥാനത്ത് പ്രദിഷ്ടിക്കുകയും സ്ലീവ ബലിപീടത്തിന്റെ നടുവിൽ കിടത്തുകയും ചെയ്യുന്നു. ബേമ്മാ ഗാഗുല്ത്തായുടെയും ബലിപീടം മിശിഹായുടെ ഖബറിടത്തിന്റെയും പ്രതീകങ്ങളാകയാൽ ഈശോയുടെ മൃതദേഹം ഗാഗുല്ത്തായിൽ നിന്നും കബറിടത്തിലേക്ക് വഹിക്കപ്പെട്ടതിന്റെ പ്രതീകാത്മകമായ ആചാരണമാണ് ഈ കർമ്മങ്ങൾ.

തുടർന്നു കാറോസൂസ പ്രാർഥനയാണ്. കാറോസൂസായ്ക് ശേഷം സ്ലീവായെ വടക്കുവശത്തുള്ള ബെസ്ഗസ്സയിലെക് മാറ്റി വെള്ളം കൊണ്ട് കഴുകി തുടച്ച് കബറടക്കത്തിനായി ഒരുക്കുന്നു. അനന്തരം സ്ലീവായെ ബലിപീടത്തിൽ കിടത്തി ധൂപിച്ചശേഷം പ്രദക്ഷിണമായി ബേമ്മായിൽ കൊണ്ടുവരുന്നു. തുടർന്ന് സ്ലീവായും വഹിച്ചുകൊണ്ട് കാർമ്മികനും ശുശ്രൂഷികളും പള്ളിയ്ക്കകത്തുതന്നെ വൈദികരുടെയും മെത്രാന്മാരുടെയും ശവസംസ്ക്കാരത്തോടനുബന്ധിച് നടത്തുന്നത് പോലെ കിഴക്കുനിന്നു പടിഞ്ഞാറോട്ടും വടക്കുനിന്ന് തെക്കോട്ടും സ്ലീവാ ആകൃതിയിൽ പ്രദക്ഷിണം നടത്തുന്നു.

പ്രദക്ഷിണം ബേമ്മായിൽ തിരിച്ചെത്തി കഴിയുമ്പോൾ എല്ലാവരും സ്ലീവ ചുംബിക്കുന്നു. സ്ലീവാ ചുംബനത്തെ തുടർന്നു കൈപ്പുനീർ രുചിക്കുന്ന പതിവും നിലവിലുണ്ട്. സ്ലീവാ കഴുകിയ വെള്ളത്തിൽ കൈപ്പുരസമുള്ള പച്ചിലകൾ അരച്ചു കലക്കിയാണ് കൈപ്പുനീർ ഉണ്ടാക്കുക. തുടർന്നു ദൈവാലയത്തിന് പുറത്തേയ്ക്കുള്ള പ്രദക്ഷിണമാണ്. പ്രദക്ഷിണം ദൈവാലയത്തിൽ തിരിച്ചെത്തിക്കഴിയുമ്പോൾ സ്ലീവാ ബേമ്മായിൽ കിടത്തി ധൂപിച്ചശേഷം വെള്ളത്തുണിയിൽ പൊതിഞ്ഞ് ബലിപീടത്തിനടിയിൽ ഖബറടക്കുന്നു. (ബലിപീടത്തിൽ കബറടക്കിയിരിക്കുന്ന സ്ലീവായെ ഉയർപ്പിച്ചുകൊണ്ടാണ് ഉയർപ്പുതിരുനാൾ ആഘോഷിക്കുന്നത്) സംസ്ക്കാരത്തിനുള്ള സൗകര്യം ബലിപീടത്തിൽ ഇല്ലാത്ത പക്ഷം സ്ലീവാ ബലിപീടത്തിൽ കിടത്തി ശോഷപ്പ കൊണ്ട് മൂടുന്നു. (ശോശാപ്പ മിശിഹായുടെ കബറിടത്തിന്റെ മൂടിയാണെല്ലോ) എല്ലാവരും ബേമ്മായിൽ തിരിച്ചുവന്നു സാധാരണ രീതിയിൽ സന്ധ്യാ നമസ്ക്കാരം അവസാനിപ്പിക്കുന്നു.  (ബലിപീഠത്തിൽ ശോഷപ്പാ മാറ്റി, സ്ലീവ ഉയർത്തിക്കൊണ്ടാണ് ഉയിർപ്പാഘോഷം നടത്തുക)

നിർഭാഗ്യമെന്നു പറയട്ടെ, വിരലിൽ എണ്ണാവുന്നത്ര പള്ളികളിൽ മാത്രമേ അതിമനോഹരവും അർത്ഥസമ്പുഷ്ടവുമായ കർമ്മങ്ങൾ പൂർണ്ണമായി അർപ്പിക്കുന്നുള്ളൂ.ഹാശാ വെള്ളിയാഴ്ച്ച വി. കുർബാനയർപ്പണമോ സ്വീകരണമോ ഉണ്ടായിരിക്കില്ല. ഹാശാ വെള്ളിയാഴ്ച്ച രാത്രി മുഴുവൻ മിശിഹായുടെ കബറിടത്തിങ്കൽ ജാഗരണ പ്രാർത്ഥന നടത്തുക എന്നത് മാർത്തോമ്മാ നസ്രാണികളുടെ പതിവായിരുന്നു. ഈ പാരമ്പര്യവും ഇന്ന് അന്യം നിന്നിരിക്കുന്നു.

(വിവരണം കടപ്പാട്: "ദൈവസ്തുതികൾ"- പാത്തിക്കുളങ്ങര വർഗ്ഗീസച്ചൻ)

No comments:

Post a Comment