വിശുദ്ധ തോമാശ്ലീഹ
തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് “എന്റെ കര്‍ത്താവേ എന്റെ ദൈവമേ” (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്‌തു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്‌ക്കടുത്ത് നിരണം, കൊല്ലം, നിലയ്‌ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ സ്ഥാപിച്ചുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം.