Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30
Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Wednesday, 29 April 2020

സീറോ മലബാർ സഭയുടെ ആരാധനാക്രമപരമായി ഉയർന്നു വരുന്ന ചില സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും

ഇതൊക്കെ സിറോ മലബാറുകാർക്ക് അറിയമോ..

  സീറോ മലബാർ സഭയുടെ ആരാധനാക്രമപരമായി ഉയർന്നു വരുന്ന ചില സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.

 1) എന്തുകൊണ്ട് സീറോമലബാർ പള്ളികളിലെ മദ്ബഹയിൽ മാർത്തോമാ സ്ലീവാ സ്ഥാപിക്കണം എന്ന് പറയുന്നു.?

  പള്ളിയുടെ മദ്ബഹയിൽ മാർത്തോമസ്ലീവായോ  അല്ലെങ്കിൽ ഏതെങ്കിലും ശൂന്യമായ സ്ലീവായോ (ക്രൂശിതരൂപം ഇല്ലാത്ത കുരിശ് ) എന്നതാണ് പൗരസ്ത്യ സുറിയാനി ആരാധനക്രമത്തോട് ചേർന്നു പോകുന്നത്. കാരണം നമ്മുടെ ആരാധനക്രമം ഉത്ഥിതനായ ഈശോയിൽ കേന്ദ്രീകൃതമാണ്. ആയതിനാൽ ക്രൂശിതരൂപമുള്ള  കുരിശ് നാം ഉപയോഗിക്കാറില്ല. മ്ശിഹ രഹസ്യം മുഴുവൻ
കുർബാനയുടെ ധ്യാനവിഷയം ആണെങ്കിലും ആരാധനക്രമം കേന്ദ്രികരിച്ചിരിക്കുന്നത് ഈശോയുടെ ഉത്ഥാനത്തിലാണ്. ഈശോയുടെ ഉത്ഥാനം ആണലോ നമ്മുടെയും ഉത്ഥാനത്തിന്റെ ആധാരം . അത്കൊണ്ടാണ് ഈശോയുടെ മരണം ധ്യാനിക്കാൻ ഉപയോഗിക്കുന്ന ക്രൂശിതരൂപം മദ്ബഹയിൽ നാം ഉപയോഗിക്കാത്തത്. അത് ക്രൂശിതരൂപത്തോടുള്ള വിരോധം കൊണ്ടല്ല മറിച്ച് നമ്മുടെ സഭയുടെ പൂജ്യമായ ആരാധനാക്രമത്തോടുള്ള സ്നേഹം കൊണ്ടാണ്. നമ്മുടെ വി. കുർബാനയിലെ ഉത്ഥാനഗീതം ഒന്ന് ധ്യാനിക്കൂ... ആദാമും അവന്റെ സന്തതികളും, തങ്ങളുടെ ഉത്ഥാനത്തിന്റെ പ്രതീക്ഷയായ ഈശോയെ കണ്ട് ഏറ്റ് പാടുന്ന രീതിയിലാണ് ആ ഗീതം. ആ സമയം ശൂന്യമായ സ്ലീവായെ ധ്യാനിക്കുനത് ഉത്ഥിതനായ ഈശോയെ ധ്യാനിക്കുന്നതിന് തുല്യമാണ്.

 2) എന്ത്കൊണ്ട് നാം തക്സയിൽ നിര്ദേശിക്കുന്നതിന് പുറത്ത് നിന്ന് ഗീതങ്ങൾ ഉപയോഗിക്കരുത് എന്ന് പറയുന്നു?

  നമ്മുടെ ആരാധനാക്രമത്തോട് ഏറ്റവും ചേർന്ന് പോകുന്ന ഗീതങ്ങളാണ് നമ്മുടെ കുർബാന തക്സയിൽ ഉൾപെടുത്തിയിരിക്കുന്നത്. ഇതിൽ എല്ലാ  ഗീതങ്ങളും നൂറ്റാണ്ടുകൾ പിന്നിട്ടവയാണ്. നമ്മുടെ സഭാപിതാക്കന്മാർ തപസിന്റെയും  പ്രാർത്ഥനയുടെയും ചൈതന്യത്തിൽ പരിശുദ്ധാത്മാവിന്റെ  പ്രത്യേക ചൈതന്യത്തിൽ ചിട്ടപ്പെടുത്തിയവയാണ്. മ്ശിഹാ രഹസ്യത്തോട് ഏറ്റവും ചേർന്ന് പോകുന്നതും അല്മയർക്കും ഗായകസംഗത്തിനും ഒരുപോലെ അറിയാവുന്നതും പാടാവുന്നതും ആണ്.
  ഓരോ ഗാനത്തിനും വളരെയധികം അർത്ഥ തലങ്ങളുണ്ട്. മിശിഹാ രഹസ്യ ധ്യാനത്തെ ഏറ്റവുമധികം പരിപോഷിപ്പിക്കുന്ന അത് ഈ ഗാനങ്ങൾ ആണ്. ആ ഗാനങ്ങൾ മാറ്റിനിർത്തി നമ്മുടെ ഇഷ്ടം പോലെ ഗാനങ്ങൾ കുത്തി നിറയ്ക്കുന്നത് ആരാധനക്രമതോടുള്ള അവജ്ഞയാണ് സൂചിപ്പിക്കുന്നത്. നമ്മളുടെ കഴിവ് തെളിയിക്കേണ്ട വേദികളല്ല വിശുദ്ധ കുർബാന. ആ ബോധ്യത്തോടെ വേണം പരിശുദ്ധ കുർബാനയെ സമീപിക്കാൻ. നമ്മൾ വേറെ ഗാനങ്ങളോ, ഇനങ്ങളോ  വി.കുർബാനയിൽ ഉപയോഗിക്കുമ്പോൾ സമൂഹം നിശ്ശബ്ദരായിരിക്കുക യാണ് ചെയ്യുന്നത്.
 എല്ലാ മാസങ്ങളിലും പുതിയ ഇനങ്ങളിലും ഗാനങ്ങളും പുറത്തുവരുന്നു.അയതിനൽ സമൂഹത്തിന് ഈ ഗാനങ്ങളോ ഈണങ്ങളോ അറിവില്ലതത്തിനാൽ സമൂഹത്തിന്റെ  പങ്കാളിത്തം വി കുർബാനയിൽ  കുറയുന്നു.

 3) എന്ത്കൊണ്ട് വിശുദ്ധ കുർബാനയിൽനിന്ന് വിശ്വാസപ്രമാണം ഒഴിവാക്കരുത്?

  നാം എന്ത് വിശ്വസിക്കുന്നുവോ, അതിന്റെ സംക്ഷിപ്ത രൂപമാണ് വിശ്വാസപ്രമാണം. ആദിമ സഭാപിതാക്കന്മാർ നിഖ്യായിൽ  കൂടിയ പൊതുസുന്നഹദോസിൽ വച്ച് ഒരേ മനസ്സോടെ ചിട്ടപ്പെടുത്തിയതാണ് നമ്മുടെ വിശ്വാസ പ്രമാണം. എല്ലാ ശ്ലൈഹീക  സഭകളും ഒരേപോലെ തങ്ങളുടെ ആരാധനക്രമത്തിൽ വിശ്വാസ പ്രമാണത്തിന് വലിയ സ്ഥാനം കൊടുത്തിട്ടുണ്ട്. സ്ലൈഹീക  സഭകളുടെ പൊതു വിശ്വാസമാണ് ഇത്. വിശ്വാസപ്രമാണത്തിൽ നാം ഏറ്റുപറയുന്ന ഓരോ വിശ്വാസ സത്യങ്ങളുടെയും ധ്യാനം  തന്നെയാണ് നമ്മുടെ വിശുദ്ധ കുർബാന. ആയതിനാൽ വിശ്വസിക്കുന്നതിനെ ഏറ്റുപറയുന്നതിൽ നാമെന്തിനു മടികാണിക്കുന്നു.

 4) എന്തുകൊണ്ട് വിശുദ്ധ കുർബാനയിൽ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും പാടില്ല?

  സമ്പൂർണമായ മിശിഹാ രഹസ്യ ധ്യാനം ആണ് നമ്മുടെ വിശുദ്ധ കുർബാന. രക്ഷാകര ചരിത്രം മുഴുവൻ വിശുദ്ധ കുർബാനയിൽ അനുസ്മരിക്കപ്പെടുന്നു. സഭ മുഴുവന്റെയും പൊതു ആരാധന കൂടിയാണ് കുർബാന. ആയതിനാൽ സ്വന്തം താല്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കനുസരിച്ച് നാം വിശുദ്ധ കുർബാനയെ മാറ്റി മറക്കരുത്. അത് വിശുദ്ധ കുർബാനയുടെ പൊതു  ചൈതന്യത്തെ നശിപ്പിക്കുന്നു. നമ്മുടെ ഓരോ പ്രാർത്ഥനകളും ഗാനങ്ങളും നാം ശ്രദ്ധാപൂർവ്വം ധ്യാനിക്കുക യാണെങ്കിൽ അതിൽ ഒന്നു പോലും എടുത്തുകളയാൻ നമുക്ക് തോന്നുകയില്ല. രക്ഷാകര ചരിത്രത്തെ വെട്ടി മുറിക്കുന്നത് ശരിയാണോ എന്ന് നാം സ്വയം പരിശോധിക്കുക? വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ സഭ മുഴുവൻ അവിടെ സമ്മേളിക്കുന്നു. ആയതിനാൽ ആണ് അതിനു പൊതു ക്രമം നിശ്ചയിക്കപ്പെടുന്നത്. അത് വികലമാക്കുന്നത് നമ്മുടെ സഭയുടെ ഐക്യത്തിന് യോജിച്ചതല്ല.

 5) വിശുദ്ധ കുർബാനയിൽ സാംസ്കാരിക അനുരൂപണം സാധ്യമോ?

  രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ നിർദ്ദേശപ്രകാരം ആരാധനക്രമ ത്തിന്റെ ചൈതന്യത്തെ നശിപ്പിക്കാത്ത തരത്തിൽ സാംസ്കാരിക അനുരൂപണം സാധ്യമാണ്. എന്നാൽ ഈ സാംസ്കാരിക അനുരൂപണം മറ്റു മതങ്ങളുടെ അനുരൂപണം ആകരുത്. നമ്മുടെ സത്യവിശ്വാസത്തിന് കോട്ടം നിൽക്കുകയും അരുത്. മാർ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ പറയുന്നതുപോലെ" church is the body of christ, not a laboratory for theologians to do experiments".. മാർപാപ്പയുടെ ഈ വാക്കുകൾ ശ്രദ്ധാപൂർവം വായിച്ചാൽ ആരാധനക്രമ ത്തെ എത്രത്തോളം സ്നേഹിക്കണമെന്നും അതിനെ സംരക്ഷിക്കേണ്ടത്തിന്റെ  ആവശ്യകത എന്തെന്നും വ്യക്തമാണല്ലോ.

6) എന്തുകൊണ്ട് മദ്ബഹ അഭിമുഖമായി വിശുദ്ധ കുർബാന പരികർമ്മം ചെയ്യണം?

  എല്ലാ ശ്ലൈഹീക  സഭകളും ആദ്യം മുതൽ ഇന്നുവരെയും തുടർന്നു പോകുന്ന ശ്ശീഹന്മാരിൽ  നിന്ന് ലഭിച്ച അലിഖിത വിശുദ്ധ പാരമ്പര്യം ആണിത്. പുരോഹിതനും ദൈവജനവും ഒരുപോലെ ഒരേ ദിശയിൽ കർത്താവിലോട്ട്  തിരിയുക എന്നതാണ് ഇതിന്റെ അർത്ഥം. യഹൂദരുടെ പെസഹായ്ക്കും ഇപ്രകാരംതന്നെ എല്ലാവരും ഒന്നു ചേർന്ന് ഒരേ ദിശയിലേക്ക് തിരിഞ്ഞ് അപ്പം മുറിക്കൽ നടത്തുന്നത്. ഈശോയും ശിഷ്യന്മാരും ഇപ്രകാരം തന്നെയാണ് ചെയ്തത്. അത് തന്നെ തുടർന്നു പോകുന്നതാണ് ശ്ലൈഹീക രീതി. വൈദികൻ തന്റെയും സമൂഹത്തിന്റെയും പാപപരിഹരത്തിനായി പിതാവായ ദൈവത്തിന് ഈശോയുടെ തിരുശരീര രക്തങ്ങൾകൊണ്ട് അർപ്പിക്കുന്ന  ബലിയാണ് വി കുർബാന .
  അതിനാൽ വൈദികനും സമൂഹവും ഒന്നുചേർന്ന് പിതാവായ ദൈവത്തിന് ബലിയർപ്പിക്കുകയാണ് ചെയ്യുന്നത്
  അതിനാൽ വൈദികരും സമൂഹവും മുഖാമുഖം നോക്കി വിശുദ്ധ ബലി അർപ്പിക്കുന്നതിനു പകരം വൈദികനും സമൂഹവും ഒന്നിച്ച് പിതാവായ ദൈവത്തിന് നോക്കി വിശുദ്ധ കുർബാന അർപ്പിക്കണം.
 ലോകപ്രസിദ്ധമായ  da'Vinci അന്ത്യ അത്താഴത്തിന് ചിത്രത്തിൽ ഈശോയും ശിഷ്യരും മുഖാമുഖം നോക്കി അല്ല ഇരിക്കുന്നത്...യഹൂദ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അത്താഴത്തിന് മുഖാമുഖം നോക്കുന്നത് പോലെ അല്ല ഇരിക്കുന്നത് അതുകൊണ്ട് ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ച അന്ത്യഅത്താഴം  വേളയിൽ ഈശോ പിതാവിലേക്ക് നോക്കിയാണ് തൻറെ ശിഷ്യന്മാരുടെയും ലോകത്തെയും പാപപരിഹാരത്തിനായി ബലിയർപ്പിച്ചത്

 7) സഭയിൽ യാമ പ്രാർത്ഥനയുടെ പ്രാധാന്യം എന്ത്?

  വിശുദ്ധ കുർബാന കഴിഞ്ഞാൽ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട പരസ്യ ആരാധനയാണ് ഏഴു യാമങ്ങളിൽ ദൈവജനം അർപ്പിക്കുന്ന യാമ നമസ്കാരങ്ങൾ. വിശുദ്ധ കുർബാനയിൽ നിന്ന് ലഭിച്ച ചൈതന്യം ദിവസം മുഴുവൻ നിലനിൽക്കുന്നതിനായി ആദിമസഭയിൽ തന്നെ രൂപം കൊണ്ടവയാണ് യാമ നമസ്കാരങ്ങൾ. എല്ലാ അപ്പസ്തോലിക സഭകളിലും ഏഴു നേരം മുടക്കം കൂടാതെ യാമ നമസ്കാരങ്ങൾ നടത്തുന്നു. സങ്കീർത്തനങ്ങൾ പാടി എല്ലാ യാമങ്ങളെ യും ദൈവത്തിന് സമർപ്പിക്കുക എന്നതാണ് നമസ്കാരങ്ങളുടെ പ്രഥമ ഉദ്ദേശം. യഹൂദരിൽ നിന്ന് ആദിമസഭ ഉൾക്കൊണ്ടതാണ് ഈ പ്രാർത്ഥനാ രീതി. സഭയോടൊത്തു മുന്നേറാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും യാമ നമസ്കാരങ്ങൾ മുടക്കം കൂടാതെ ചെയ്യുവാൻ കടപ്പെട്ടവരാണ്. ദിവസം മുഴുവനും യാമ നമസ്കാരങ്ങളിൽ കൂടെ നമുക്ക് വിശുധികരികാം. സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളോടൊപ്പം നമുക്ക് മുന്നേറാം.

- Sanil Sunny Vadayatt
  Edwin Jose

No comments:

Post a Comment